Friday 20 March 2009

ഗ്രാമവഴി - 2

പെരിയാർ പുഴയുടെ തീരത്തായിരുന്നു അഛന്റെ തറവാട്. അവിടെ നിന്നും ഒരു വിളിപ്പാടകലെയാണ്
ഞങ്ങൾ മാറി താമസിച്ചിരുന്നത്.


സ്കൂൾ വിട്ടു വന്നാൽ ഉടനെ ചായ പോലും കഴിക്കാതെ തറവാട്ടിലേക്കോടും. വിശാലമായ തെങ്ങിൻ തോപ്പ്, അടക്കാമരത്തോട്ടം,മറ്റു വൃക്ഷലതാതികളെല്ലാം സമൃദ്ധമായി വളരുന്ന പ്രദേശമായിരുന്നു തറവാട് നിന്നിരുന്ന പെരിയാറിന്റെ തീരപ്രദേശം.

തറവാടിനോട് ചേർന്നു തന്നെ ഞങ്ങളുടെ ആത്മസുഹൃത്തായ ശ്രീധരന്റെ വീടും ഉണ്ടായിരുന്നു. അന്ന്
പ്രത്യേക വഴികളൊന്നും ഉണ്ടായിരുന്നില്ല. പറമ്പുകളിൽ നിന്നും പറമ്പുകളിലേക്ക് എല്ലാവരും നടന്നു
തെളിഞ്ഞ ഒറ്റയടിപ്പാതകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇടവഴിയിൽ നിന്നും ശ്രീധരന്റെ വീടിന്റെ
മുൻവശത്തേക്കു വരുമ്പോഴേക്കും ഇടവഴി ഒരു ചെറിയ റോഡിന്റെ വീതിയിലേക്ക് മാറിയിരുന്നു.

ശ്രീധരന്റെ വീടിന്റെ ഒരു വശത്ത് കൂടിയായിരുന്നു ഞങ്ങളുടെ തറവാട്ടിലേക്കുള്ള വഴിത്താര. പുഴയുടെ തീരത്ത് ഫലവൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്നു. തെങ്ങും കവുങ്ങും അയിരുന്നു കൂടുതൽ. പിന്നെ
പ്ലാവ് , മാവ് ,മുതലായവ ധാരാളമുണ്ടായിരുന്നു. ഇതിൽ ഞങ്ങൾക്കിഷ്ടപ്പെട്ട ഒന്നായിരുന്നു ‘തോലൻ
മാവ് ’.


ഒറ്റത്തടിയിൽ താഴെ ശാഖകളൊന്നും ഇല്ലാതെ അങ്ങു ആകാശം മുട്ടെ വളർന്ന് തെങ്ങിൻ
തലപ്പുകൾക്ക് മുകളിൽ തലയുയർത്തി പടർന്നു പന്തലിച്ചു നിൽക്കുന്ന ഞങ്ങളുടെ തോലൻ മാവ്.
നൂറ്റാണ്ടുകൾ പഴക്കമുണ്ടത്രെ തോലന്. ഞങ്ങളുടെ കൂട്ടുകാരൻ ശ്രീധരന്റെ കുടുംബത്തിന്റെ വകയാണ്
ഈ പ്രദേശം. തോലൻ മാവിന്റെ പഴുത്ത മാങ്ങയാണ് ഞങ്ങളുടെ ഇഷ്ട പഴം.


നന്നായി പഴുത്ത മാങ്ങ രണ്ടു കയ്യുടേയും ഉള്ളങ്കയ്യിലിട്ട് ഒന്നു ഞെക്കി ഉരുട്ടി , ഞെട്ടിയൊന്നു കടിച്ചുതുപ്പി ഒന്നു ഞെക്കിയൽ അതാ ഊറി വരുന്നു ,നല്ല മധുരമുള്ള സ്വാദുള്ള തേൻ സമാനമായ അമൃത്. ഒറ്റയടിക്കു കുടിച്ചുതീർക്കാൻ കൊതി തോന്നുന്ന പഴച്ചാർ. പക്ഷെ ചെറിയ മാങ്ങയായതു കൊണ്ട് പഴച്ചാർ വേഗം തീർന്നു പോകും.

അതുകൊണ്ട് ഒറ്റയടിക്കു കുടിച്ചു തീർക്കില്ല ഞങ്ങൾ. ഊറി വരുന്ന പഴച്ചാറ് നക്കിയെടുത്ത് പതുക്കെ
പതുക്കെ നുണഞ്ഞിറക്കും. അതിനായിരുന്നു കൂടുതൽ രസം. അടുത്ത മാങ്ങ കിട്ടുന്നതു വരെയും ആ ഒരു
മാങ്ങ കൊണ്ടു നടന്നു ചപ്പിക്കുടിക്കും. അവസാനം അതിൽ നിന്നും ഒന്നും ഊറിവരാനുണ്ടാകില്ല.
എന്നാലും കളയില്ല. പിന്നെ അതിന്റെ തൊണ്ടു തിന്നു തുടങ്ങും. തൊണ്ട് തിന്നാൻ ഒരു രസവുമില്ല.
എന്നാലും കളയാൻ തെയ്യാറാകില്ല. തൊണ്ടിന്റെ കട്ടി കാരണമാണ് ഞങ്ങളതിനെ തോലൻ
മാങ്ങയെന്നു പേരിട്ടത്.


വാസ്തവത്തിൽ നൂറ്റാണ്ടിനപ്പുറം പ്രായമുള്ള മാവിനു തലമുറകളായി വിളിച്ചു വന്ന പേരായിരുന്നു അത്. ശ്രീധരന്റെ മുത്തശ്ശി കുട്ടിയായിരിക്കുമ്പോഴും ഈ മാവിൽ നിന്നും മാങ്ങ തിന്നിട്ടുണ്ടത്രെ. മുത്തശ്ശി ഒരു പഴയകാല സംസ്കാരത്തിൽ ജീവിച്ച സ്ത്രീയായിരുന്നു. മാറു മറക്കാതെ വെളുത്ത മുണ്ട്
താറായിട്ടുടുക്കുന്ന, അയിത്തം ആചരിക്കുന്ന ഒരു പഴഞ്ചൻ ജീവിതരീതി. ഞങ്ങളെ ഏഴയലത്തുപോലും
അടിപ്പിക്കുമായിരുന്നീല്ല. ശ്രീധരനെ ഞങ്ങൾ തൊടാൻ പാടില്ല. തൊട്ടാൽ പിന്നെ കുളിച്ചിട്ടെ
വീട്ടിനകത്തേക്കു കയറ്റുമായിരുന്നുള്ളു. മറ്റുള്ളവർക്ക് അയിത്തം ഒന്നും ഉണ്ടായിരുന്നില്ല.
അവരെല്ലാവരുമായി ഞങ്ങൾക്ക് നല്ല ബന്ധമായിരുന്നു. മുത്തശ്ശിയുടെ മുൻപിൽ എല്ലാവരും
അയിത്തക്കാരാവും.


തോലൻ മാവിന്റെ ചുവട്ടിൽ മുത്തശ്ശിയുള്ളപ്പോൾ ഞങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.

“ ആരടാവിടെ..” എന്ന മുത്തശ്ശിയുടെ ഒച്ച കേൾക്കുമ്പോഴേക്കും ഞങ്ങൾ ഓടി ഒളിക്കും. പിന്നെ മുത്തശ്ശി പോകുന്നതു വരെ ഞങ്ങൾ ഏതെങ്കിലും മരത്തിന്റെ പുറകിലൊ കാട്ടുചെടികൾക്കിടക്കൊ പതുങ്ങിയിരിക്കും. മാങ്ങയൊന്നുംകിട്ടാതെ വരുമ്പോൾ മുത്തശ്ശി വേഗം തിരിച്ചു പോകും. പതുങ്ങിയിരിക്കുമ്പോൾ ഞങ്ങൾ പ്രാർത്ഥിക്കും ‘ദൈവമെ..മുത്തശ്ശി പോകുന്നതു വരേക്കും
ഒരു കൊച്ചു കാറ്റു പോലും വീശല്ലെ’. മുത്തശ്ശി ചിലപ്പോൾ പതുങ്ങി വരും. തൊട്ടടുത്തെത്തുമ്പോഴായിരിക്കും അറിയുക. പിന്നെ ഓടി ഒളിക്കാൻ സമയം കിട്ടില്ല. ഉടനെ ഞങ്ങൾ
ഓടി പുഴയിൽ ചാടും. പിന്നെ മുത്തശ്ശി പോയതിനു ശേഷം ഞങ്ങൾ വീണ്ടും മാവിൻ ചുവട്ടിൽ വരും.

കാറ്റോ വീശുന്നില്ല, ഒരു അണ്ണാറക്കണ്ണനെങ്കിലും വന്നിരുന്നെങ്കിൽ...!.

ഞങ്ങൾ തോലന്റെ മുകളിലേക്കു നോക്കി നിൽക്കും. ഏതെങ്കിലും തെങ്ങിന്റെ മണ്ടയിൽ നിന്നും അണ്ണാൻ ചാടി വരുന്നുണ്ടൊ...?


അതാ വരുന്നു ഒരു അണ്ണാൻ...ഞങ്ങൾ അതിനെ നോക്കി നിൽക്കും. ഏതു കൊമ്പിലാ കയറുന്നതെന്നറിയാൻ... കിഴക്കെ കൊമ്പിൽ കയറിയാൽ, അണ്ണാൻ താഴെയിടുന്ന മാങ്ങ എനിക്കുള്ളതാ.. ആ മാങ്ങ മറ്റാരും എടുക്കാൻ പാടില്ല. അതുപോലെ ഓരൊ കൊമ്പിലെ മാങ്ങക്കും ഓരോരുത്തരുണ്ടായിരുന്നു. അങ്ങനെയായിരുന്നു അണ്ണാറക്കണ്ണൻ കയറി മാമ്പഴം താഴെയിട്ടാൽ ഞങ്ങൾ വീതം വച്ചിരുന്നത്. പക്ഷെ കാറ്റത്ത് വീഴുന്ന മാങ്ങക്ക് ഇതു ബാധകമല്ല. അണ്ണാറക്കണ്ണൻ കയറിയാൽ അതിനെ അവിടന്ന് ഓടിച്ച് തങ്ങളുടെ വശത്തേക്കു മാറ്റാൻ വേണ്ടി ഞങ്ങൾ കല്ലെടുത്തെറിയാൻ ശ്രമിക്കാറുണ്ട്. പക്ഷെ കല്ല് മാവിന്റെ പകുതി പൊക്കം പോലും പൊങ്ങുകയില്ല. അത്രക്കും പൊക്കമായിരുന്നു തോലൻ മാവിന്.


മാവിന്റെ കൊമ്പിലൂടെ അണ്ണാറക്കണ്ണൻ പോകുന്നതും നോക്കി ഞങ്ങൾ അതിന്റെ പിന്നാലെ
നടക്കും. ഒരു കൊമ്പിൽ ഒരു മാങ്ങ പഴുത്തു കിടക്കാൻ തുടങ്ങിയിട്ട് കുറെ ദിവസമായി. അതു കാറ്റത്തു
വീഴുന്നില്ല. അതിനെ നോട്ടമിട്ട് ഞങ്ങളും താഴെ കാത്തിരുന്നു.


അപ്പോഴാൺ ആ അണ്ണാറക്കുഞ്ഞ് ഈ കൊമ്പിലേക്കു കയറിയത്. ഞങ്ങൾ ശ്വാസം പിടിച്ച് താഴെ നോക്കി നിന്നു. സമയം ഏറെ കടന്നു പോയിട്ടും അണ്ണാങ്കുഞ്ഞ് ആ മാങ്ങയുടെ അടുത്തേക്ക് മാത്രം കയറുന്നില്ല. കാരണം ആ പഴുത്തു തുടുത്തു കിടക്കുന്ന മാങ്ങ ഒരു കുടല മാങ്ങയുടെ ഭാഗമായിരുന്നു. കൊമ്പിൽ നിന്നും കയ്യെത്തിപ്പിടിക്കാൻ പറ്റുമായിരുന്നില്ല. അണ്ണാങ്കുഞ്ഞ് ശ്രമം ഒരുപാടു നടത്തുന്നുണ്ട്. അപ്പുറത്തെക്കു മാറിയും ഇപ്പുറത്തെക്കു മാറിയും ഒക്കെ നോക്കുന്നുണ്ട്. പക്ഷെ മാങ്ങയുടെ പഴുപ്പു കണ്ടിട്ട് ഉപേക്ഷിച്ചു പൊകാനും വയ്യ. ഇതും നോക്കി നിന്ന് നിന്ന് ഞങ്ങളുടെ പിടലി കഴച്ചു വേദനിച്ചു തുടങ്ങി. ക്ഷമ കെട്ട അണ്ണാങ്കുഞ്ഞ് മറ്റു മാങ്ങകളുടെ പുറത്തുകൂടി വന്ന് ഒന്നു നീണ്ടു നിവർന്നു നിന്ന് കയ്യെത്തിച്ച് ഒറ്റ പിടിത്തം !


ആ പഴമാങ്ങ അണ്ണാങ്കുഞ്ഞിന്റെ കയ്യിൽ.!! അണ്ണാറൻ ഒന്നു തൊട്ടാൽ പഴമാങ്ങ താഴെ പോരുമെന്നു കരുതി കാത്തിരുന്ന ഞങ്ങൾ സത്യത്തിൽ കരഞ്ഞുപോയി. ഈ നേരമത്രയും മേലോട്ടും നോക്കി നിന്നു പിടലി വേദനിച്ചതു മാത്രം മിച്ചം.


പക്ഷെ,അണ്ണാങ്കുഞ്ഞ് പഴുത്ത മാങ്ങ കയ്യെത്തിച്ചു പിടിച്ചെങ്കിലും കാലിന്റെ പിടി വിട്ടുപോയി.!!! അണ്ണാങ്കുഞ്ഞും മാങ്ങയും കൂടി താഴേക്ക്...ഞങ്ങൾ ‘ഓടിക്കോടാ...’ന്നും പറഞ്ഞ അകലേക്കു മാറി. രണ്ടും കൂടി പൊത്തോന്ന് താഴെ വീണു. മാമ്പഴം എവിടേക്കൊ ഉരുണ്ടുപോയി.

ഞങ്ങളുടെ ശ്രദ്ധ താഴെ വീണ് ഓടിപ്പോകാൻ കഴിയാതെ മന്ദിച്ചു കിടക്കുന്ന
അണ്ണാറക്കണ്ണനിലായിരുന്നു. പതുക്കെ അടുത്തു ചെന്നു. ഞങ്ങൾ നാലു വശവും വളഞ്ഞു നിന്നു. ‘ശ്..ശ്
..ശ് ‘ എന്നൊക്കെ ഞങ്ങൾ ഒച്ച വച്ചു നോക്കി. അണ്ണാങ്കുഞ്ഞ് അനങ്ങുന്ന ലക്ഷണമില്ല. ഞങ്ങൾ
അടുത്തിരുന്നു. അപ്പോഴാണ് അതു ശ്രദ്ധിച്ചത്.

‘ ഹായ്...ദേ നോക്ക്യേ...ശ്രീരാമൻ തടവിയ വര...’
ഞങ്ങൾ അണ്ണാറക്കണ്ണന്റെ മുതുകിലെ വരയുടെ മുകളിൽക്കൂടി കൈ വച്ചു നോക്കി.

‘ ഹൈ ശരിക്കും അതുപോലെ തന്നെ..’ ഞങ്ങൾ അതിന്റെ വാലിൽ പിടിച്ചു പതുക്കെ പൊക്കി നോക്കി.

‘ ദേ...പഞ്ഞി പഞ്ഞി പോലെ..ഇതിന്റെ വാല്...’

‘അയ്യൊടാ.. എന്തു രസാല്ലെ...’

‘ പാവം ചത്തു പോയല്ലൊ...’
‘നമുക്കാ പാണച്ചെടിയുടെ കടക്കൽ കുഴിച്ചിട്ടാലൊ....‘

‘ നമുക്കു വീട്ടിൽ കൊണ്ടോയി വറുത്തു തിന്നാം’
‘പിന്നെ ഇതിനെ ആരും തിന്നൂല്ല..’

‘ഹൌ..ഔസേപ്പുട്ടി ഇന്നാള് ഒരെണ്ണത്തിനെ പിടിച്ചു കൊണ്ടുപോയി വറുത്തു തിന്നതാ...’ ‘ശൊ..ചത്തില്ലായിരുന്നെങ്കിൽ നമുക്ക് ഇതിനെ വീട്ടിൽ കൊണ്ടോയി വളർത്തായിരുന്നു...’

‘ എന്നിട്ട് ഇതിനെ പഠിപ്പിച്ച് മാവിൽ കയറ്റി, മുത്തശ്ശി വരുന്നേനു മുൻപെ മാങ്ങയെല്ലാം പറപ്പിക്കാമായിരുന്നു‘

‘ ഒന്നു പോടാ അണ്ണാങ്കുഞ്ഞിനെയല്ലെ അവൻ മരങ്കേറ്റം പഠിപ്പിക്കണെ..’


അങ്ങനെ അഭിപ്രായങ്ങൾ ഓരോന്നു വന്നു കൊണ്ടിരിക്കെ അണ്ണാറക്കണ്ണൻ പതുക്കെ കണ്ണു തുറന്നു. തനിക്കു ചുറ്റും നാലു ഭൂതഗണങ്ങൾ കാവലിരിക്കുന്നതു കണ്ട് ഒന്നു ഞെട്ടിച്ചിലച്ചു. വാലു പൊക്കി വീണ്ടും ചിലച്ചു. ഒന്നു വട്ടം കറങ്ങി. ഞങ്ങൾ പേടിച്ച് അകന്നു മാറി. ആ തക്കം നോക്കി അവൻ ഒറ്റ ചാട്ടം ജോഷിയുടെ തലയിലേക്ക്, ജോഷി പേടിച്ച് തലയൊന്നു കുടഞ്ഞു. പേടിച്ചരണ്ട അണ്ണാങ്കുഞ്ഞ് അവിടന്നു വീണ്ടും ഒരു ചാട്ടത്തിനു തോലൻ മാവിന്റെ തടിയിൽ കയറിപ്പറ്റി.


പിന്നെ ചിലയൊട് ചില. തല കീഴായി നിന്ന് ഞങ്ങളെ മുട്ടം ചീത്ത പറയാണന്ന് തോന്നും വിധമായിരുന്നു മൂപ്പിലാന്റെ പ്രകൃതം.‘ ങ്ഹാ...അത്രക്കായൊ..’എന്നു പറഞ്ഞ് ഞങ്ങൾ കല്ലെടുത്തെറിഞ്ഞു. അണ്ണാറക്കണ്ണൻ മാവിന്റെ മുകളിലേക്കു പാഞ്ഞു. പിന്നെ അവനെ കണ്ടില്ല.


അപ്പോഴാണ് അണ്ണാറക്കണ്ണനോടൊപ്പം വീണ മാങ്ങയെക്കുറിച്ചോർത്തത്. പിന്നെ അതിനെ തിരക്കലായി. പക്ഷെ അതു ഏതൊ കാട്ടിനകത്തേക്ക് തെറിച്ചു പോയിരുന്നു. തൊട്ടടുത്തു തന്നെയുള്ള കാളത്തി തോട്ടിലൂടെ അതു പെരിയാർ പുഴയിലേക്ക് ഒഴുകി പോയിരിക്കാം.


ദിവസങ്ങൾ അങ്ങനെ കടന്നുപോയി. മാമ്പഴക്കാലം ആർത്തുല്ലസിക്കാൻ പറ്റിയ കാലമാണ്. പ്രത്യേകിച്ച് ഒഴിവുകാലം കൂടിയാവുമ്പോൾ....


അങ്ങനെ ഒഴിവുകൾ തീരുകയാണ്. സ്കൂൾ തുറക്കാനുള്ള സമയമായി..മഴക്കാറുകൾ ആകാശത്ത് അടിഞ്ഞുകൂടി..ചിലപ്പോൾ അതു പടിഞ്ഞാറോട്ട് ഓടിയകലുന്നത് കാണാം. ഇപ്പോൾ മഴ പെയ്യും എന്ന തോന്നലുണ്ടാക്കി ആകാശത്ത് മഴക്കാറുകൾ നിറഞ്ഞു വന്നു. ഇതു കണ്ടിട്ടാകാം, ഇത്തവണ ശക്തമായ മഴയിലായിരിക്കും തുടക്കമെന്നു കരുതി സർക്കാർ സ്കൂൾ തുറക്കൽ ജൂൺ ഒന്നാം തീയതിയിൽ നിന്നും മൂന്നാം തീയതിയിലേക്കു മാറ്റിയത്.


പക്ഷെ പ്രകൃതി അതിന്റെ നിയതി അനുസരിച്ച് പെരുമാറി. ഒന്നാം തീയതി മഴ പെയ്തതേയില്ല..പിറ്റെ ദിവസം ഒന്നു ചാറി അത്രതന്നെ. നാളെ മുതൽ പുതിയ സ്കൂളിൽ പോണം. ഞാൻ അവസാനമായി പ്രിയ തോലൻ മാവിന്റെ ചുവട്ടിൽ ചെന്നു.


ആകാശം ഇരുളടഞ്ഞു നിന്നിരുന്നു. ഒരു ചെറു കാറ്റു പോലും വീശുന്നുണ്ടായിരുന്നില്ല . ഒറ്റ അണ്ണാറക്കണ്ണനും മാവിൽ കണ്ടില്ല. തോലൻ മാവ് ഒന്നനങ്ങുകപോലും ചെയ്യാതെ നിശ്ചലം നിന്നിരുന്നു. ഞാൻ തോലൻ മാവിനു ചുറ്റും ഒന്നു വട്ടം ചുറ്റി. പിന്നെ മൂകമായി പറഞ്ഞു. “തോലാ..ഇനിയെനിക്ക് പഴയതു പോലെ വരാനാവില്ല...എന്നെ പുതിയ സ്കൂളിൽ ചേർത്തു.
നാളെ മുതൽ ഞാൻ പുതിയ സ്കൂളിൽ പോകും. കാലത്തെ പോണം. പിന്നെ വൈകി രാത്രിയാകും വരുമ്പോൾ. മൂന്നാലു കിലൊമീറ്റർ നടന്നു വേണം പോകാൻ ....അതുകൊണ്ടാ... ശരി...ഞാൻ പോട്ടെ.”

ഞാൻ തിരിഞ്ഞുനടന്നു. നടന്നു തുടങ്ങിയതും എന്റെ മുൻപിൽ ഒരു പഴുത്ത മാങ്ങ വന്നു വീണു.
നന്നായി പഴുത്ത ഒരു മാങ്ങ. ഞാനതെടുത്ത് ഒന്നു മണത്തുനോക്കി. എന്നിട്ട് മുകളിലേക്ക്
നോക്കുമ്പോൾ ഒന്നു രണ്ടു തുള്ളി വെള്ളം എന്റെ മുഖത്തു വീണു. ഇന്നലെ പെയ്ത ചാറ്റൽ മഴയിൽ
തങ്ങി നിന്നതാവാം. അറിയാതെ ഞാനും കണ്ണുകൾ തുടച്ചു. കരയുകയായിരുന്നൊ..!!?. അകലെ ചെന്ന് ഒന്നുകൂടി തിരിഞ്ഞു നോക്കി. ഇരുൾ വീണു തുടങ്ങിയെങ്കിലും ആകാശത്ത് തല ഉയർത്തി പടർന്നു പന്തലിച്ച് നിശ്ശബ്ദം നിൽക്കുന്നു തോലൻമാവ്.

പിന്നെയും കാലമേറെ കടന്നു പോയി. തോലൻ മാവു മായുള്ള എന്റെ ബന്ധം ഏതാണ്ട്
അവസാനിച്ചിരുന്നു. ഞായറാഴ്ച മാത്രം കിട്ടുന്ന ഒഴിവിലായിരുന്നു വല്ലപ്പോഴും വന്നിരുന്നത്.

ഇതിനിടക്ക് മുത്തശ്ശി കാലയവനികക്കുള്ളിൽ മറഞ്ഞു. പുതിയ തലമുറക്ക് തോലന്റെ ആ തലയെടുപ്പ്
അത്രക്കു രസിച്ചുട്ടുണ്ടാവില്ല.


കുറെ നാളുകൾക്ക് ശേഷം നാട്ടിൽ വന്നപ്പോൽ കേട്ടു

“എടാ..മ്മ്ടെ തോലൻ മാവ് വെട്ടി...”

“ങ്... ..!!!?” കേട്ടതും ഞെട്ടിത്തെറിച്ചു നിന്നു പോയി. എനിക്കതു പെട്ടെന്നു ഉൾക്കൊള്ളാനായില്ല. ഞാൻ തോലന്റടുത്തേക്ക് ഓടി...അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച...!!!

നൂറ്റാണ്ടുകൾക്കപ്പുറം മുതൽ എത്രയൊ തലമുറകൾക്ക് കളിത്തൊട്ടിലായിരുന്ന ഞങ്ങളുടെ തോലൻ
മാവ്, ആ വലിയ പറമ്പു നിറയെ വെട്ടിയിട്ട വലുതും ചെറുതുമായ കഷണങ്ങൾ കൊണ്ട് നിറഞ്ഞു
കിടക്കുന്നു. തോലൻ നിന്നിടത്ത് മണ്ണിനടിയിലെ കട മാത്രം ബാക്കി. ഒരു ചെറിയ പോടു
പോലുമില്ലാതെ ഉള്ളു മുഴുവൻ കാതലോടെ..’വീണിതല്ലൊ കിടക്കുന്നു ധരണിയിൽ... എന്റെ തോലൻ ‘
എന്റെ കണ്ണുകൾ നിറഞ്ഞുവന്നു . ഞാനാ വെട്ടിയിട്ട കടക്കുറ്റിയിൽ ഇരുന്നു പോയി. കടക്കുറ്റിയിൽ
നിന്നും ഊറി വന്ന പശ, ഒരുകിയൊലിച്ച കണ്ണിരു കട്ട പിടിച്ചതു പോലെ. ഞാനതിൽ തൊട്ടു നോക്കി.
ഇനിയും ഉണങ്ങാറായിട്ടില്ലാത്ത പശ എന്റെ കയ്യിലും പറ്റിപ്പിടിച്ചു.


എന്റെ തൊണ്ടയിൽ സങ്കടം തളം കെട്ടി നിന്നു. വായ വറ്റി വരണ്ടു. ഞാൻ മുക്കളിലേക്കു നോക്കി. തോലൻ പടർന്നു പന്തലിച്ചു നിന്നിടം ശൂന്യം. അകാശം വളരെ വിശാലമായിത്തന്നെ കാണാം. നിറഞ്ഞൊഴുകിയ കണ്ണുകളുമായി ഞാൻ എഴുന്നേറ്റ് തിരിഞ്ഞു . അപ്പോഴുണ്ട് പുറകിലായി എന്റെ സുഹൃത്തുക്കൾ ശ്രീധരൻ, രവി, ജോഷി, അശോകൻ, നാരായണൻ,ശശി.... എല്ലാവരുടേയും മുഖത്ത് ഒരു വല്ലാത്ത വീർപ്പുമുട്ടൽ.


തൊണ്ടയോളം വന്ന് നിന്നു പോയ സങ്കടവുമായി...ഞങ്ങൾക്ക് പരസ്പരം ഒന്നും സംസാരിക്കാനാകാതെ...തിരിഞ്ഞു നടന്നു.